കുറച്ചു വർഷങ്ങൾക്കു മുൻപ് നവ മാധ്യമങ്ങളും, സോഷ്യൽ മീഡിയയും ഒന്നും ഇല്ലാതിരുന്ന നാളുകളിലേക്ക് വെറുതെ ഒരു ഓർമപ്രദക്ഷിണം നടത്തിയതാണ് ഞാൻ.
മലയാളത്തിന്റെ ഓരോ ഉത്സവങ്ങളും നമ്മൾ ആഘോഷിച്ചിരുന്നത് ഒന്നിച്ചായിരുന്നു, അതിനു മതത്തിന്റെയും കൊടിയുടെയും നിറങ്ങളും കുറവായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി ആകെ മാറി മറിഞ്ഞിരിക്കുന്നു.
സൗഹൃദത്തിന്റെ കൂടിച്ചേരലുകളായും. സന്ദേശങ്ങളും, ചിത്രങ്ങളും പങ്കുവെയ്ക്കുന്നതിനുള്ള ഇടങ്ങളായും സോഷ്യൽ മീഡിയകൾ നമുക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയത് പെട്ടെന്നായിരുന്നു.
ടെലി കമ്മ്യൂണിക്കേഷൻ രംഗത്തെ കുതിച്ചു ചാട്ടവും, സ്മാർട്ട് ഫോൺ രംഗത്തെ നൂതന കണ്ടുപിടുത്തങ്ങളും സോഷ്യൽ മീഡിയയുടെ വളർച്ചയും അതി വേഗത്തിലാക്കി. എന്നാൽ സമൂഹ മാധ്യമങ്ങൾ എന്ന ലേബലിൽ വാർത്തകളും ലൈവ് സംപ്രേക്ഷണങ്ങളും സോഷ്യൽ മീഡിയയുടെ മുഖവും, ഭാവവും മാറ്റി മറിച്ചതു നാം പോലും അറിയാതെയായിരുന്നു.
ദിവസത്തിന്റെ പകുതിയിൽ ഏറെയും നമ്മളിൽ ഭൂരിഭാഗവും സോഷ്യൽ മീഡിയകളിൽ ചെലവഴിക്കാൻ തുടങ്ങിയതോടെ, ഞൊടിയിടയിൽ ആരുടെയടുത്തും സന്ദേശങ്ങൾ എത്തിക്കാൻ കഴിയുന്ന ഈ ജാലകത്തിന്റെ ദുരുപയോഗവും ഏറിത്തുടങ്ങിയിരുന്നു.
വിഭാഗീയതയുടെ വാഹകരായി പല സോഷ്യൽ മീഡിയകളും പൂർണ്ണമായിത്തന്നെ മാറിയിരുന്നു. നമ്മൾ പോലും അറിയാതെ നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനും നാം കൂടെ കൊണ്ടുനടക്കുന്ന, ആരോ തുറന്നു വിട്ട സോഷ്യൽ മീഡിയയിലെ ഭൂതത്തിനു കഴിയുന്നുണ്ടായിരുന്നു.
പുറത്തു ചാടിയ ഭൂതം നാൾക്കുനാൾ കൂടുതൽ ശക്തിയാർജിക്കുമ്പോൾ ഇനിയുള്ള നാളുകളിൽ അതിനെ തുറന്നു വിട്ടവർക്കുപോലും ജീവനിൽ ഭയമില്ലാതെ ഉറങ്ങാൻ കഴിഞ്ഞെന്നു വരില്ല.
കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ച സാക്ഷാൽ സ്വാമി വിവേകാനന്ദനും തെറ്റു പറ്റിയില്ല നൂറു മേനി സാക്ഷരതയുടെ വീമ്പു പറയുന്ന മലയാളികൾ മത ഭ്രാന്തന്മാരാൽ നിറഞ്ഞിരിക്കുന്നു. പ്രസവമുറിക്കപ്പുറം ഒരു ഡോക്ടർക്കോ നേഴ്സിനോ ചിലപ്പോൾ തീരുമാനിക്കാൻ കഴിഞ്ഞേക്കാം നമ്മുടെ മതവും ജാതിയും എന്ന തിരിച്ചറിവിൽ എത്താൻ ഇനിയും നമുക്കാവുന്നില്ല എന്നതു മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരെയും വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണ്.
ഫേസ്ബുക്കിലും, വാട്സ്ആപ്പ് ലും മരങ്ങൾ നട്ടുകൂട്ടുന്നവർ ഒരു തൈ എങ്കിലും മണ്ണിൽ നട്ടിരുന്നെങ്കിൽ ഇന്ന് ഒരു കിളിക്കെങ്കിലും കൂടൊരുക്കാനായേനെ, ഒരൽപ്പം തെളിനീരെങ്കിലും കിണറ്റിലെത്തിച്ചേനെ, ഒരിത്തിരി തണലെങ്കിലും ഭൂമിക്കു നൽകിയേനെ...
ഇന്ന് പലരും അസ്വസ്ഥരാണ് , നിദ്രാവിഹീനരാണ്. ആരാണ് ഇവരെ ഇങ്ങനെ ആക്കിയത്?
മറുപടിയായി ഒന്നേ പറയാനുള്ളൂ സോഷ്യൽ മീഡിയകളിൽ പലരുടെയും അതിരു കടന്ന രാഷ്ട്രീയ, മത പോസ്റ്റുകളും, ഷെയറുകളും.
അവർ ചിലപ്പോൾ നമ്മുടെ ഉറ്റ സുഹൃത്തുക്കളായിരിക്കാം മനസ്സിൽ ബഹുമാനിച്ചിരുന്നു ഇഷ്ട്ടപ്പെട്ടിരുന്നവർ ആയിരിക്കാം. അതിനപ്പുറവും മനസിനെ അസ്വസ്ഥമാക്കുന്ന മറ്റെന്തൊക്കെയോ ആയിരിക്കാം.
ഇതിൽ നിന്നെല്ലാം മുക്തരായി നിങ്ങൾക്ക് സുഖമായി ഉറങ്ങണം എന്ന് തോന്നുമ്പോൾ ഫോണിലെ നിങ്ങളുടെ സോഷ്യൽ മീഡിയകളിൽ ലോഗോഫ് ബട്ടണിൽ ഒരു ക്ലിക്ക്.
നിങ്ങൾക്കിപ്പോൾ ചുറ്റുമുള്ള നല്ല കാര്യങ്ങൾ കാണാൻ കഴിയുന്നുണ്ടാവും, സ്നേഹം അനുഭവിക്കാൻ കഴിയുന്നുണ്ടാവും, നന്മചെയ്യാൻ കഴിയുന്നുണ്ടാവും, മതത്തിന്റെയും കൊടിയുടെയും ചേരി തിരിവില്ലാതെ നിങ്ങളുടെ സുഹൃത്തിനെ തന്നെ കാണാൻ കഴിയുന്നുണ്ടാവും..
ഞാനുൾപ്പെടെയുള്ള സമൂഹം ഇതൊന്നും ചെവി കൊടുക്കില്ലെന്നെനിക്കറിയാം. കാരണം ഞാനിതു പോസ്റ്റ് ചെയാനൊരുങ്ങുന്നതു മേൽ പറഞ്ഞ സോഷ്യൽ മീഡിയയിൽ ഒന്നിൽ തന്നെയാണ്. എങ്കിലും ഇതെല്ലാം എഴുതുമ്പോൾ മനസ്സിൽ ഒരു വർഷകാലം പെയ്തു തോർന്ന സുഖം തോന്നുന്നു.
ഒരു പ്രവാസിയായ എനിക്കിപ്പോൾ ഓർമ വരുന്നത് മനസ്സിൽ തിരുത്തിയ ഒരു നാലുവരി കവിതയാണ്
"നടന്നു നീങ്ങുവാൻ ഇനിയൊരു വഴിത്താരയില്ല
ഉയർന്നു പാടുവാൻ ഒരു പാട്ടിന്റെ ശീലുമില്ല
പറന്നാലുമൊടുവിൽ ചിറകറ്റു വീഴുമ്പോൾ
ഒരു താങ്ങായി ഇവിടെയിനി എനിക്കെന്റെ മലയാളവും... "
No comments:
Post a Comment