മഴ അങ്ങിനെയാണ് അല്ല എല്ലാ മഴകളും അങ്ങിനെ ആണ്.എവിടെ നിന്നോ വന്നു എവിടെക്കോ പോകുന്നു. പാടത്തു കളിക്കാന്‍ നില്‍ക്കുമ്പോള്‍ കേള്‍ക്കാം അകലെ നിന്നും വലിയ ശബ്ദത്തോടെ ഉള്ള അവന്‍റെ വരവ്. വരമ്പിലൂടെ ഓടുമ്പോള്‍ തൊട്ടു പുറകെ ഉണ്ടാവും ചിലപ്പോള്‍ എന്നെ ശ്രദ്ധിക്കാതെ ദൃതിയില്‍ കിതപ്പിനുമുകളില്‍ നനവുള്ള കരിമ്പടം തന്നു. അല്ലെങ്കില്‍ എന്നോട് പിണങ്ങി ദൂരെ ഏതോ വഴിയിലൂടെ ഉള്ള ഒളിച്ചു പോക്ക്. അപ്പോഴും എനിക്കായവന്‍ തണുത്ത കാറ്റിനെ തന്നു.
പിന്നെ അമ്പല മുറ്റത്തെ ആലിന്‍ ചുവട്ടില്‍ അവനെ കാണാതെ ഉള്ള ഒളിച്ചു നില്‍പ്പ് പക്ഷെ പലപ്പോഴും അവന്‍ എന്നെ കണ്ടെത്തുമായിരുന്നു.
സ്കൂള്‍ വരാന്തയില്‍ അകലേക്ക് നോക്കി നില്‍ക്കുമ്പോള്‍ കാണാം അകലെ നിന്നുള്ള മഴയുടെ വരവ്. എന്നെ തൊടാന്‍ കഴിയാതെ പിണങ്ങി കൂട്ട് വെട്ടി ഉറക്കെ ശബ്ദമുണ്ടാക്കി അവന്‍റെ തിരിച്ചു പോക്ക്. ആദ്യം എന്‍റെ പുത്തനുടുപ്പു നനച്ച ദുര്‍വാശിക്കരനായി പിന്നെ ചൂരല്‍ കഷായത്തിന്‍റെ വേദനയുള്ള കൈവെള്ളയിലേക്ക് നിന്‍റെ തണുപ്പ്. ഒടുവില്‍ എന്നോ നീ എന്‍റെ മറക്കാനാകാത്ത കൂട്ടുകാരനായി, പിന്നെയും പിന്നെയും എന്നിലെക്കൊടിയെത്തി ചിലപ്പോഴൊക്കെ ഞാന്‍ നിന്നിലെക്കും. എന്‍റെ വേദനകളില്‍ കണ്ണുനീര്‍ ഒലിപ്പിച്ചും സന്തോഷങ്ങളില്‍ ആടിതിമിര്‍ത്തും നീ എന്നോടൊപ്പം ഉണ്ടായിരുന്ന നാളുകള്‍.
ഒടുവില്‍ അവധി കഴിഞ്ഞുള്ള നിന്‍റെ തിരിച്ചു പോക്കില്‍ കരഞ്ഞു ഞാന്‍ നില്‍ക്കുമ്പോള്‍ അകലെ കൈകള്‍ വീശി നീ. നാളുകള്‍ക്ക് അപ്പുറം പുതുമണമുള്ള സ്പ്രേ അടിച്ചു വിരുന്നു കാരനെ പോലെ ഉള്ള നിന്‍റെ വരവ്.
പിന്നെ കോളേജിന്‍റെ വരാന്തയില്‍ അവള്‍ക്കു കൊടുക്കാന്‍ ഒരു പൂവുമായി നില്‍ക്കുമ്പോള്‍ ധൈര്യത്തിന് ഒരു കൂട്ടായ് ചാറ്റല്‍ മഴയായ് നീ വന്നതും, ഒരിക്കല്‍ അവളുടെ കുടക്കീഴിലേക്ക് ഓടിക്കയറാന്‍ എന്നെ സഹായിച്ചു അകലാനാകാത്ത വിധം അവളുടെ കുടക്കീഴിലെന്നെ അടുപ്പിച്ചു നിര്‍ത്താന്‍ കുസൃതി മഴയായ് പിന്നെയും നീ വന്നു.
ഇനി എന്‍റെ യാത്രയിലും നീ വേണം. യാത്രാവേളയില്‍ നാടാകെ കേള്‍ക്കെ ഉറക്കെ കരയാനും, തീ നാളങ്ങള്‍ എന്നെ വിഴുങ്ങുമ്പോള്‍ അകലെ മാറി നിന്ന് എങ്ങലടിക്കാനും. ഒടുവില്‍ കത്തിയമര്‍ന്ന ചാരത്തിലേക്ക് ഒരല്‍പം കുളിര്‍ മഴയായ് നീ പിന്നെയും...
No comments:
Post a Comment