എന്ത് ചെയ്യണം, എങ്ങോട്ട് പോകണം ഒന്നും അറിയുന്നില്ല. കൂട്ടം തെറ്റി പറക്കുന്ന പക്ഷിയെപ്പോലെ തനിയെ എങ്ങോട്ടെന്നില്ലാതെ പറക്കുകയാണ് ഞാനിപ്പോൾ. ഇടക്ക് കാറ്റ് വീശുന്നുണ്ട്, മഴ പെയ്യുന്നുണ്ട്, ചിലപ്പോൾ അതെന്‍റെ മനസിന്‍റെ വിതുമ്പലാകാം. എല്ലാ സന്തോഷങ്ങളും, സൗഹൃദങ്ങളും ദിവസങ്ങളും, മാസങ്ങളും കൊണ്ട് മായ്ക്കപ്പെട്ടിരിക്കുന്നു. മനസ് പ്രക്ഷുബ്ദമായ കടൽ പോലെ ഇരമ്പുകയാണ്. ഇനിയും വര്‍ഷങ്ങൾ എന്തിനോ വേണ്ടി കാത്തിരിക്കുന്നുണ്ട്. അറിയാതെ എപ്പോളോ കണ്ണ് നനയുന്നുണ്ട്, അതറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നതാണ് ഇന്നെനിക്കിഷ്ട്ടം, അല്ലെങ്കിൽ ചിലപ്പോളത് മറ്റു പലരെയും കൂടി വേദനിപ്പിച്ചെന്നു വരും അത് എനിക്ക് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല.
പ്രണയം ചിലപ്പോൾ അങ്ങനെയാണ് എണ്ണിയാൽ തീരാത്ത തിരമാലകൾ കൊണ്ട് രസിപ്പിക്കും, ഒടുവിൽ ആർത്തട്ടഹസിച്ചു വരുന്ന ഒരു ബീമാകാരമായി അത് എങ്ങോട്ടോ കൊണ്ട് പോകും ചുഴിയും, ഗർത്തങ്ങളും നിറഞ്ഞ മറ്റൊരു ലോകത്തേക്ക് . കുറെ മുങ്ങിയും, താഴ്ന്നും ഒടുവിൽ അതിന്‍റെ ആഴങ്ങളിൽ എത്തുമ്പോൾ ആരോ കാത്തിരിക്കുന്നുണ്ടാവും 'മോനെ നീ വന്നുവോ' എന്ന് സ്നേഹത്തോടെ തിരക്കി എന്‍റെ സ്വന്തം കടലമ്മ. അപ്പോൾ ചോദിയ്ക്കാൻ ഒരു ചോദ്യം മനസ്സിൽ കരുതിവെച്ചിട്ടുണ്ട് ഞാൻ 'എന്തിനു വേണ്ടിയാണ് നിന്നെ എന്നിൽ നിന്നും അറുത്തെടുത്തു കൊണ്ടുപോയതെന്നു' അതിനുത്തരം പറയാതിരിക്കാന്‍ കഴിയില്ല അവർക്ക്.
ഓരോ ശ്വാസം എടുക്കുമ്പോളും അതിൽ ഞാൻ പാതി നിനക്കായി കരുതിവെച്ചിരുന്നില്ലേ , എത്ര ദൂരെ ആണെങ്കിലും നിന്‍റെ ഹൃദയത്തിന്‍റെ ഓരോ മിടിപ്പും എന്‍റെ നെഞ്ചിൽ വന്നടിച്ചിരുന്നു, ഒരിക്കൽ പോലും എനിക്ക് നിന്നോട് പിണങ്ങാൻ കഴിയാഞ്ഞതെന്തേ, എല്ലാറ്റിനും ഉപരിയായി സ്നേഹത്തോടെ ഉള്ള ഒരു വിളി മാത്രം മതിയായിരുന്നില്ലേ നിനക്ക് എല്ലാ വിഷമങ്ങളും മാറ്റുവാനായി. അന്ന് ഡിസംബർ മൂന്നാം തിയതി പ്രണയത്തിൽ മൊട്ടിട്ട റോസാ പുഷ്പ്പങ്ങൾ നിനക്ക് നേരെ നീട്ടിയപ്പോൾ സന്തോഷത്തിന്‍റ നിറപോയ്കയിൽ അവ പുഞ്ചിരി തൂകുന്നത് ഞാൻ കണ്ടു. പൂന്തേൻ നുകരാനെത്തിയ ചിത്രശലഭത്തിനെ പോലെ ആ ദളങ്ങൾ നുകർന്നപ്പോൾ തേൻ തുള്ളികൾ കൊണ്ടെന്‍റെ ഹൃദയം നിറഞ്ഞു തുളുമ്പുകയായിരുന്നു.
മറ്റേതോ ഒരു ലോകത്തിൽ ചെന്നെത്തിയത് പോലെ ആയിരുന്നു അപ്പോൾ, പിന്നീടെപ്പോഴും നിനക്കുറങ്ങാൻ ഈ നെഞ്ചിലെ ചൂട് വേണമായിരുന്നില്ലേ. ആ ശബ്ദം കേള്ക്കാതെ എനിക്കും ഉറങ്ങാൻ കഴിയാതിരുന്നതെന്തുകൊണ്ടാണ് . മൗനത്തിലും പരസ്പരം ഒരുപാട് വാക്കുകൾ ഒളിപ്പിച്ചു വെച്ച് നമ്മൾ പ്രണയത്തിന്‍റെ താഴ്വരയിൽ ഒരുപാട് സ്വപ്‌നങ്ങൾ നെയ്തു തീര്ത്തില്ലേ.
നിന്‍റെ ജന്മദിനം എങ്ങിനെ ആഘോഷിച്ചാലും എനിക്ക് മതിയാവില്ലായിരുന്നു അന്ന് നമ്മുടെ ആഘോഷങ്ങളിൽ പങ്കു ചേരാൻ മഴയായി നമ്മുടെ ക്ലാരയും ഉണ്ടായിരുന്നില്ലേ ഇടയ്ക്കെപ്പോലോ ചെറിയ കുസൃതിയായി അവൾ ഇടിമിന്നലുകൾ കാട്ടിയപ്പോൾ എന്‍റെ ജന്മദിനക്കാരി ശരിക്കും പെടിച്ചുപോയില്ലേ, ഒടുവിൽ നെഞ്ചോട് ചേർത്ത് നിർത്തി നിനക്ക് ധൈര്യം പകർന്നപ്പോൾ ഈ തൊട്ടാർവാടിയെ ഞാൻ കൂടുതൽ അടുത്തറിയുകയായിരുന്നു, സ്നേഹിക്കുകയായിരുന്നു എന്‍റെ ജീവനോളം.
എന്‍റെ ജന്മദിനത്തിൽ നീയും വാശിക്കാരിയായിരുന്നില്ലേ , അന്ന് നിന്‍റെ ശബ്ദത്തിൽ വിരിഞ്ഞ ചെണ്ടുമല്ലി പൂക്കൾ ആയിരുന്നു എനിക്ക് കിട്ടിയ പ്രിയപ്പെട്ട പിറന്നാൾ സമ്മാനം കൂടെ മനസ്സിൽ ഒളിപ്പിച്ചു വെച്ച നിന്‍റെ ചുംബനപ്പൂക്കളും. അന്ന് കേരള സാരി ഉടുത്ത് ചെറിയ നാണത്തോടെ എന്‍റെ മുന്നിൽ നിന്ന നിന്‍റെ രൂപം എങ്ങിനെയാണ് എനിക്ക് മറക്കാനാവുക
ഇടിവെട്ടൽ പോലെ മനസ്സിൽ പോടുന്നെനെ ദേഷ്യം വരാറുണ്ടെങ്കിലും എന്‍റെ ശാസനകളെ ഒരിക്കൽ പോലും തള്ളിക്കളയാൻ നിനക്ക് കഴിയാഞ്ഞതെന്തേ, സ്നേഹത്തിന്‍റെ കൊടിയ പര്‍വതങ്ങളിൽ നമുക്കായി ദൈവം ആയിരം മുന്തിരിത്തോപ്പുകൾ തീര്ത്തപ്പോൾ അതിൽ ഒരു പഴം പോലും പറിച്ചെടുക്കാതെ നമ്മൾ ആ മുന്തിരിവള്ളികളുടെ ലാളനയിൽ അന്തിയുറങ്ങിയില്ലേ.
എല്ലാ ദിവസങ്ങളിലും ആറു മണികൾ നമുക്കായി മാറ്റിവെക്കപ്പെട്ടത് എന്തിനായിരുന്നു, സാഹിത്യ അക്കാദമിയും, സംഗീത നാടക അക്കാദമിയും നമ്മുടെ പ്രിയപ്പെട്ട സ്ഥലങ്ങളായില്ലേ. മൃഗശാലയിലെ ഓരോ മൃഗങ്ങളും നമ്മുടെ ചങ്ങാതിമാരായിരുന്നില്ലേ. കാടും, പുഴകളും നമുക്കുവേണ്ടി പുതിയ സംഗീതമോരുക്കി കാത്തിരുന്നില്ലേ. നമ്മൾ പ്രണയിക്കുകയായിരുന്നില്ലേ വാനോളം ഉയരത്തിൽ.
ഒരിക്കൽ നിന്നോട് , ഞാന്‍ വിളിച്ചാൽ നീ ഇറങ്ങി വരുമോ എന്ന് തിരക്കിയില്ലേ അന്ന് , കണ്ണീരിൽ കുതിർന്ന വാക്കുകളാൽ നീ ഈ കാതുകളിൽ പറഞ്ഞില്ലേ , വീട്ടുകാരെ വിട്ടു ഇറങ്ങി വരാൻ വിഷമം തോന്നണു എങ്കിലും നീ വിളിച്ചാൽ ഇറങ്ങി വരും ഈ ലോകത്ത് എവിടെക്കായാലും, സ്നേഹത്തിന്‍റെ അവസാന നിമിഷം വരെ നീ കൊതിച്ചതല്ലേ ആ വിളിക്കായി.
സത്യൻ അന്തിക്കാടിന്‍റെ 'കഥ തുടരുന്നു' എന്ന ചിത്രം കണ്ടുകൊണ്ടിരുന്നപ്പോൾ എപ്പോഴോ അറിയാതെ ഞാൻ നിന്‍റെ കൈകളിൽ അമർത്തിപ്പിടിച്ചു പോയത് നീ ഓർക്കുന്നില്ലേ, അതിൽ എവിടെയോ ഞാനില്ലാത്ത നിന്‍റെ ചിത്രം എന്നെ വല്ലാതെ അസ്വസ്തനാക്കിയപോലെ തോന്നിയിരുന്നു.
ഒടുവിൽ അവസാനമായി "എന്നെ വിട്ടുകൊടുക്കല്ലേ", "എന്നെ വിട്ടകലല്ലേ" എന്ന നിന്‍റെ വാക്കുകൾ ഒരു തീക്കനലായി ഇന്നും എന്‍റെ കാതുകളിൽ മുഴങ്ങുന്നുണ്ട് അവ എന്‍റെ ഉറക്കങ്ങളെ അസ്വസ്ഥമാക്കുന്നു ..
ഒന്നുറങ്ങണമെന്നുണ്ട് എനിക്ക് ഒരിക്കൽ പോലും നിന്നെ ഓർക്കാതെ, പക്ഷെ ഇനി നീ എന്‍റെതല്ല എന്ന സത്യം ഉൾക്കൊള്ളാൻ ഇനിയും എനിക്കുള്ളിൽ ഉണർന്നിരിക്കുന്ന ഞാൻ സമ്മതിക്കുന്നില്ല..
No comments:
Post a Comment