"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

24 January 2011

പത്മരാജന്‍ എഴുതിയത്‌




മരക്കൊമ്പുകള്‍ക്കിടയില്‍ ആകാശം ത്രികോണങ്ങളായും സമചതുരങ്ങളായും വൃത്തങ്ങളായും കോഴിമുട്ടകളായും ഉടഞ്ഞൊഴുകിയ മുട്ടകളുടെ വെള്ളക്കരുവായും മുറിഞ്ഞു മുറിഞ്ഞു കിടന്നു. ഉയരെക്കൂടി മേഘമിളക്കിക്കൊണ്ടു ചുടുകാറ്റു വീശിപ്പോകുന്നു.
ശവം അകന്നു പോകുന്നതു കണ്ടപ്പോള്‍ അതിനോട് അസൂയ, ആദരവ്. പെരുവഴിയില്‍ക്കൂടി ഇതുപോലെ, നെടുനീളത്തില്‍ നിവര്‍ന്നുകിടന്നു സഞ്ചരിച്ചുകൊണ്ട്, തന്നോടൊപ്പം ഓടിയെത്തുന്ന ആകാശം കാണാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? ഉരുകുന്ന സൂര്യനില്‍ നിന്നിറ്റുചാടുന്ന വെയിലിന്റെ കട്ടിത്തുള്ളികള്‍ മുഖത്തേറ്റുവാങ്ങുകയും അതില്‍ത്തന്നെ ചാഞ്ചല്യമില്ലാതെ കണ്ണുനട്ടു കിടക്കുകയും കൈകാലുകള്‍ അനക്കാതെ, ഉയരങ്ങളുടെ നെടുനീളന്‍ ചതുരങ്ങള്‍ പിന്നിലാക്കിക്കൊണ്ടു മുന്‍പോട്ടുപോവുകയും-
പച്ച ജീവനോടെ അത്തരമൊരു യാത്ര ആഗ്രഹിച്ചുപോകുന്നു.
ജീവനുള്ള ഒരുത്തനും ഇതേവരെ സാധിച്ചിട്ടില്ലാത്ത ഒരു മഹാകാര്യമാണ് ഈ ആശിക്കുന്നത്. എത്ര വലിയ കാറുകള്‍ പോകുന്നു, കൊമ്പിച്ച ആളുകള്‍ ജീവിക്കുന്നു. എന്നാല്‍, ആര്‍ക്കും നെടുനീളത്തില്‍ കിടന്ന് ആകാശം നെഞ്ചിലേറ്റി, ലോകം പുല്ലാക്കി സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടില്ല.
(സ്വയം)


രണ്ടാം ദിവസം ആ ചരമക്കാര്‍ഡുമെത്തി. ഞാനും കരുണാകരമേനോനും ആ കറുത്ത അക്ഷരങ്ങളും നോക്കി ഏറെ നേരം പകച്ചിരുന്നു. നോക്കുന്തോറും ഞങ്ങള്‍ക്ക് ആ കാര്‍ഡ് കൂടുതല്‍ക്കൂടുതല്‍ പരിചിതമായിക്കൊണ്ടിരുന്നു. പലയാവര്‍ത്തി നോക്കി കിഴവന്‍ കാര്‍ഡ് മേശപ്പുറത്തേയ്ക്കിട്ടു. നോക്കിക്കോളൂ, അയാള്‍ കാര്‍ഡിനെ ഉദ്ദേശിച്ച് എന്നോടു പറഞ്ഞു. മനസിലായി, അതു പറയുമ്പോള്‍ എന്‍റെ സ്വരം കണക്കുകൂട്ടലുകള്‍ക്കപ്പുറത്തു തേഞ്ഞുപോയി. ഞങ്ങള്‍ക്ക് പുതുതായി ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. ഒരു കണക്കില്‍ അതു വലിയൊരാശ്വാസമായിരുന്നു താനും. ജനാലയ്ക്കപ്പുറത്ത് തേക്കിലകളില്‍ കാറ്റു വീശിത്തുടങ്ങിയിരുന്നു
(ഉദകപ്പോള)


രാത്രി വളരെക്കഴിഞ്ഞിരുന്നു. പ്രഭാതം വളരെ അടുത്തടുത്ത് വരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു.
ഞാന്‍ കട്ടിലിലിരുന്നു. എന്റെ കാല്‍ക്കല്‍ വെറുംനിലത്തായി ലോലയും. ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള്‍ മൃദുവായി ചുംബിച്ചു. മറ്റു ചിലപ്പോള്‍ നിശ്ശബ്ദയായി അവള്‍ എന്റെ മുഖത്തേക്ക് നോക്കി.
അവള്‍ ഒരമേരിക്കക്കാരിയാണെന്ന് വിശ്വസിക്കാന്‍ ആ നിമിഷങ്ങളില്‍ പ്രയാസം തോന്നി.
രാവിലെ തമ്മില്‍ പിരിഞ്ഞു വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക.
(ലോല)


ഞാന്‍, ഗന്ധര്‍വന്‍. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും- നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി
(ഞാന്‍ ഗന്ധര്‍വന്‍)


എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാവുകയാ.ചങ്ങലയിലെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്. 
(തൂവാനത്തുമ്പികള്‍)


ഈ മഴ അവസാനിക്കുന്ന മട്ടില്ല.
ശോഭ വാതില്‍ തുറന്നു മുറ്റത്തേക്ക് നോക്കി. ഒന്നും വ്യക്തമല്ല. സന്ധ്യയുടെ നിറം വെളുപ്പോ, കറുപ്പോ? ശബ്ദം ഇരമ്പലോ അലര്‍ച്ചയോ?
ഇടയ്ക്കിടെ ഇടിവെട്ടി. അതിനുശേഷം മഴയ്ക്ക് അല്പംകൂടി ശക്തി വര്‍ദ്ധിക്കുന്നു. ഒരിക്കലും അവരോഹണത്തെക്കുറിച്ച് ചിന്തിക്കാതെ, ഉയരങ്ങളിലേക്ക്, വീണ്ടും ഉയരങ്ങളിലേക്ക്, കുതിച്ചുകയറുന്ന ഒരു സാഹസികനായ മല കയറ്റക്കാരനെപ്പോലെ മഴ അങ്ങനെ കയറിപ്പോവുകയാണ്.
മനുഷ്യന്റെ സ്വഭാവവും ഇതുതന്നെയല്ലേ? ശോഭ ആലോചിച്ചു. കിട്ടിയതു കൊണ്ടൊന്നും തൃപ്തിയാകാതെ വീണ്ടും വീണ്ടും കിട്ടാന്‍ വേണ്ടി, കിട്ടിയില്ലെങ്കില്‍ പിടിച്ചുപറിക്കാന്‍ വേണ്ടി, അവന്‍ കാട്ടിക്കൂട്ടുന്ന ബദ്ധപ്പാടുകള്‍ എന്തെല്ലാമാണ്..?(നക്ഷത്രങ്ങളേ കാവല്‍)
ഓര്‍ത്തു, മഴക്കാലം. പുരയിടത്തിലെ തെങ്ങിന്‍തടങ്ങളില്‍ കൊതുമ്പില്‍ നിന്നുതിര്‍ന്നുവീണുണങ്ങിയ പൂഞെട്ടുകള്‍ പൊങ്ങിക്കിടക്കുന്ന കലങ്ങിയ തടാകങ്ങള്‍. പൂഴിമണല്‍ നിറഞ്ഞ മുറ്റത്തുകൂടി, നീലത്തരികള്‍ പുറത്താക്കിക്കൊണ്ട് ഒലിച്ച് പോകുന്ന പുഴകള്‍, പറമ്പിന്റെ കിഴക്കേ കോണില്‍ നിന്ന് ഓവുവഴി കുതിച്ചുനനഞ്ഞ നെല്‍ച്ചെടികള്‍ക്കു ചോട്ടിലുള്ള കടലില്‍ ചെന്നു ചേരുന്ന കറുത്ത വെള്ളച്ചാട്ടം.
(പളുങ്കുമാളിക)


വിവാഹദിവസം രാത്രിയില്‍, ഭര്‍ത്താവിന്റെ അടുത്തേക്കു നടന്നുകയറുന്ന പെണ്‍കുട്ടികളെല്ലാവരും, ഉള്ളില്‍ ഒരു തേങ്ങല്‍ അടക്കിവെച്ചിട്ടുണ്ടാവുമോ..?
ഉണ്ടാകാനാണ് സാദ്ധ്യത. 
(വാടകയ്ക്ക് ഒരു ഹൃദയം)


രാവിലെ പുറപ്പെടുമ്പോള്‍ മകള്‍ ശപിച്ചു.
ഒടുക്കത്തെ പോക്കാണ്
അവസാനത്തെ യാത്ര.
പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും ഇന്നു വാക്കുകള്‍ക്കുള്ളില്‍ പ്രത്യേകമായ ഒരര്‍ത്ഥം കൂടി കേള്‍ക്കുക്കയുണ്ടായി.
മടങ്ങിവരാത്ത ഒരു യാത്ര.
അവള്‍ പറഞ്ഞ പോലെ നടക്കാന്‍ പോകുന്നു.
തോട്ടുവക്കില്‍ ചൂണ്ടിയിട്ട് നടക്കുമ്പോള്‍ ഒരു മരണം സംഭവിച്ചുകൂടായ്കയില്ല. ശവം അവിടെ കിടക്കും. വൈകുന്നേരമാണ് മരിക്കുന്നതെങ്കില്‍ പിറ്റേന്നു മാത്രമേ അളിഞ്ഞുതുടങ്ങിയ ശവം തേടി ആളുകള്‍ വരികയുള്ളൂ (ചൂണ്ടല്‍)

ചൊരിമണലില്‍ ചേര്‍ന്നുകിടക്കുന്ന ജയകൃഷ്ണനും ക്ലാരയും. രണ്ടാളുടെയും ദേഹത്തും കഴുത്തിലും മണല്‍ത്തരികളുടെ തിളക്കമുണ്ട്.
ജയകൃഷ്ണന്‍: ആ നേരത്ത് രാധയങ്ങനെ പറഞ്ഞില്ലാരുന്നെങ്കീ, ഞാന്‍ ക്ലാരേക്കാണുകില്ലാരുന്നു.ചെലപ്പോ കണ്ടേനേ.പക്ഷേ എന്തായാലും ഇങ്ങനെ കാണുകില്ലായിരുന്നു. ഇത്രേം കാലോം ഒരു പെണ്ണിനേം കാണാന്‍ കൂട്ടാക്കാതെ ഞാന്‍ പിടിച്ചു നിന്നത്.
ക്ലാര അയാളെ ശ്രദ്ധിച്ചു. അയാള്‍ ലേശം ഇമോഷണല്‍ ആയിട്ടുണ്ടെന്നവള്‍ക്കും മനസ്സിലായി.
ജയകൃഷ്ണന്‍: എനിക്ക് ഉള്ളീത്തട്ടി മോഹം തോന്നുന്ന ഒരു പെണ്‍കുട്ടിക്കു കൊടുക്കാന്‍വേണ്ടി, ഞാനെന്നെത്തന്നെ സൂക്ഷിച്ച് വച്ചത്.
ഒരു സ്വയംനിന്ദപോലെ (സ്വയം) ഇനീപ്പോ ഞാനെല്ലാരേം കാണാന്‍ തൊടങ്ങുമോ ന്നാ, ഇപ്പഴന്റെ പേടി.
ക്ലാര: അതൊന്നുമില്ല. രാധേയായിട്ട് ഒന്നൂടെ കാണ്. (ചിരിച്ച്) ഇനി കോളേജീപ്പോയിട്ടു വേണ്ടാ. വേറെ എവിടെയെങ്കിലും വച്ച്.
അയാള്‍ അതു നടപ്പില്ല എന്ന ടോണില്‍ ഒന്നു തലയാട്ടി. എഴുന്നേറ്റിരുന്നു.
അയാളെ പിടിച്ചെഴുന്നേല്പിച്ചുകൊണ്ട്.
ക്ലാര:അതൊക്കെ വരും. ഒരു ദിവസം കാണാം രാധ മണ്ണാറത്തൊടീലിരിക്കുന്നതു മൂന്നാല് ബൊമ്മയ്ക്കന്‍ തമ്പ്‌രാന്‍ കുഞ്ഞുങ്ങളുമായിട്ട്.
(അയാളും അവളുടെ ചിരിയില്‍ പങ്കുചേര്‍ന്നുപോയി.)
ക്ലാര: അതുകാണാന്‍ ഞാനൊരു ദിവസം അവിടെ വരുന്നുണ്ട്.
രണ്ടടി നടന്ന് പെട്ടെന്നവളെ പിടിച്ചുനിര്‍ത്തി സീരിയസ് ആയി.
ജയകൃഷ്ണന്‍: കൊറെ കൊച്ചുവാശികളും കൊറച്ച് അന്ധവിശ്വാസങ്ങളും, കൊച്ചു ദുശ്ശീലങ്ങളും അതാ ഞാന്‍.
ക്ലാര: തോന്നി
ജയകൃഷ്ണന്‍: എന്റെ രണ്ടാമതൊരു വാശി കൂടി ക്ലാര ഇന്നു തകര്‍ത്തു.
ക്ലാര (ംവമ േീേിലല്‍): മ്?
ജയകൃഷ്ണന്‍: ഒരു പെണ്‍കുട്ടീടേം നാശത്തിന്റെ തുടക്കം എന്നിലൂടാവരുതേഎന്നെനിക്കൊരു പ്രാര്‍ത്ഥനയുമുണ്ടായിരുന്നു.
ക്ലാര മനസ്സിലാകാതെ നില്ക്കുമ്പോള്‍
ജയകൃഷ്ണന്‍: ഒരു പെണ്‍കുട്ടീടേം വിര്‍ജിനിറ്റി ഞാന്‍ കാരണം ഇല്ലാതാവരുത് എന്നെനിക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു.
ക്ലാര സീരിയസ്.
ജയകൃഷ്ണന്‍: അങ്ങനെയൊന്നു സംഭവിച്ചാല്‍, ആ പെണ്‍കുട്ടിയാവും പിന്നെയങ്ങോട്ട് അന്ത്യം വരേയ്ക്കും എന്റെയൊപ്പം ഉണ്ടാവുകാ എന്നും ഞാനൊരു
ശപഥം എടുത്തിരുന്നു.
ക്ലാര അവളുടെ ചിരി മാഞ്ഞു.
ജയകൃഷ്ണന്‍: ഞാന്‍ ക്ലാരേ..കല്യാണം ചെയ്‌തോട്ടെ?
അയാളതു പൂര്‍ണ്ണഗൗരവത്തിലാണു ചോദിച്ചത്.
ക്ലാര അവള്‍ക്കതു മനസ്സിലായി. പഴയൊരു സംഭവത്തിന്റെ അനുസ്മരണംപോലെ
പ്രത്യാശയുടെ നിറം പകര്‍ന്ന ഒരു മന്ദഹാസവുമായി.
(തൂവാനത്തുമ്പികള്‍)


ശാലമോന്റെ സോംഗ് ഓഫ് സോംഗ്‌സില്‍ പറയുന്ന പോലെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്തെഴിന്നേറ്റ് മുന്തിരിത്തോട്ടങ്ങില്‍ പോയി മുന്തിരിവള്ളികള്‍ തളിര്‍ത്ത് പൂവിടുകയും മാതളനാരങ്ങകള്‍ പൂക്കുകയും ചെയതുവോ എന്ന് നോക്കാം.
അവിടെ വെച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും 
(നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍)

1 comment:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പത്മരാജന്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.
അദ്ധേഹത്തിന്റെ ചിത്രങ്ങള്‍ കാലാതിവര്‍ത്തിയാണ്

Search Blog Post