"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

22 July 2026

നമ്മൾ

നമ്മളോളം നമ്മളെ മനസിലാക്കിയിരുന്ന ഒരാൾ, 
ഒരു ദിവസം ഒന്നും മിണ്ടാതെ, നമ്മളെ തനിച്ചാക്കി പോകുമ്പോളെ മനസിലാവു
അയാൾ നമുക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നെന്ന്.

അപ്പോൾ ഒരു വലിയ ശൂന്യത തോന്നും,
ഓർമ്മകൾ ഹൃദയത്തിൽ ആഴത്തിൽ ഇറക്കിയ വേരുകൾ 
പറിച്ചെടുക്കുന്ന വേദനയല്ല കണ്ണുകൾ നിറയ്ക്കുന്നത്, 

എന്നും കൂടെയുണ്ടാവുമെന്ന് കൈ പിടിച്ചു വാക്ക്കൊടുത്തതല്ലേ, 
പിരിയാൻ പല കാരണങ്ങളുണ്ടാകാം പക്ഷെ 
പിരിയാതിരിക്കാനല്ലേ കൂടുതൽ കാരണങ്ങൾ.

ഒരു നോട്ടം കൊണ്ടു മാത്രം മനസ്സ് വായിച്ചെടുക്കാൻ പറ്റുന്നയാൾ 

ഒത്തിരി നേരം സംസാരിച്ചില്ലെങ്കിലും, 
ഒരു വാക്കുകൊണ്ട് എല്ലാം മനസിലാക്കിയിരുന്നൊരാൾ

ഒരുപാട് സങ്കടപ്പെടുമ്പോൾ സാരല്യ ഞാൻ കൂടെല്ല്യേ 
എന്ന് പറഞ്ഞശ്വസിപ്പിച്ചിരുന്നൊരാൾ 

ഒരു ദിവസം പെട്ടെന്നില്ലാണ്ടാവാണ് 

ഇപ്പൊ തോന്നണു ഒരാളെയും ഇത്രയ്ക്കും ഇഷ്ടപ്പെടാൻ പാടില്ലായിരുന്നെന്ന് 

ഇനിയെന്തു പറഞ്ഞാലും എന്റെ കണ്ണുകൾ നനയില്ല, ഞാനിനി തിരിച്ചു പോകില്ല.

പക്ഷെ, 

അയാളെ മറക്കാൻ, ആ ഓർമ്മകളെ മറക്കാൻ പറ്റണില്ല, 
പറ്റുമായിരിക്കും അല്ലെ 

മറക്കാൻ അല്ലെ എല്ലാവർക്കും ഇഷ്ട്ടം മറക്കാം. 
മനസ്സിനെ പറഞ്ഞു മനസ്സിലാക്കാം ഭൂതകാലത്തെക്കുറിച്ചോർക്കാതിരിക്കാൻ, ഓർമപ്പെടുത്താതിരിക്കാൻ 

ബാക്കിവെച്ച കുന്നോളം ഓർമകളുണ്ടല്ലോ
അതിന്റെ മുകളിൽ വെച്ച് മറക്കാം, തിരിഞ്ഞു നടക്കാം, 
പിന്തിരിഞ്ഞു നോക്കാതിരിക്കാം. പറ്റുമായിരിക്കും 

30 January 2024

നീലക്കുറിഞ്ഞികൾ പൂക്കാറില്ല


അറിയാം ഇനി നീയില്ല 
ഞാനെന്റെ ലോകത്തും
നീ നിന്റെ ലോകത്തും
തിരക്കിൽ പെട്ടിരിക്കുന്നു

ഓർമകൾക്ക് പോലും
വല്ലാത്ത മരവിപ്പ് 
മടുപ്പ്, വെറുപ്പ് 
തിരക്കിനോടോ
ഓർമകളോടോ

അറിയില്ല, പക്ഷെ ഒന്നറിയാം
ഓർമകളിൽ
മഷി പുരണ്ടു തുടങ്ങിയിരിക്കുന്നു 
എത്ര പരന്നാലും മായാത്ത 
ഹൃദയത്തിന്റെ ഏതോ കോണിൽ
കടും നീല നിറം 

നടക്കണം, ആ വഴിയിൽ ഇപ്പോൾ 
നീലക്കുറിഞ്ഞികൾ പൂക്കാറില്ലത്രേ 

Search Blog Post